കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 164 പേരില്‍ 13 പേര് മാത്രമാണ് പ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം. ജേക്കബ്. കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
സംഭവം യാദൃശ്ചികമാണെന്നും സാബു ജേക്കബ് പറഞ്ഞു. കിറ്റെക്സ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായം നല്കുന്ന പ്രസ്ഥാനമല്ല. പ്രതികളെ കണ്ടെത്താന്‍ പൊലീസിന് എല്ലാ സഹായവും കിറ്റെക്സ് നല്കി. കിറ്റെക്സിനോടും തന്നോടുമുളള വിരോധമാണ് നിരപരാധികളെ പ്രതികളാക്കാന്‍ കാരണമെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു.
തിരുത്തിയില്ലെങ്കിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള യുദ്ധമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതിഥിത്തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തത് ഗുരുതരമായ പ്രശ്നമാകുമെന്ന് സാബു എം.ജേക്കബ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നിരപരാധികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക