കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി.
കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസിൽ സൈജു നൽകിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്.
മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്നും ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി സൈജു ഉണ്ടാക്കിയ കഥ ആണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ദേഹത്തെ മർദ്ദന പാടുകൾകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ലോക്കൽ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡി എടുത്തു. കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക