മോഹൻലാലിന്റെ ആറാട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രംഗത്തെത്തുന്നുണ്ട്. ചിത്രത്തിലെ ‘ഒന്നാം കണ്ടം’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിന്റെ അവസാന ഭാഗത്തുള്ള മോഹൻലാലിന്റെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ഈ രംഗം പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ബാക്ക്ഗ്രൗണ്ട് നൃത്തകർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഡാൻസിനൊടുവിൽ ചുറ്റും നിന്നവർ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഈ പ്രായത്തിലും ഇത്രയും എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന മോഹൻലാൽ എന്നും അഭിമാനമെന്നാണ് പലരും കുറിക്കുന്നത്. “ലാലേട്ടനെക്കൊണ്ട് ഇതിലും നല്ലസ്റ്റെപ് ചെയ്യിക്കാനാവും.. തിരിയുന്നത് പഴയ സ്റ്റൈൽ ആണ്.. മെയ്വഴക്കം അടിപൊളി, ഏതെങ്കിലും ഒരു ഡയറക്ടർമാർ ലാലേട്ടനെ കൊണ്ട് ഇനി ഫുൾ സോങ് ഡാൻസ് ചെയ്യിപ്പിക്കണം..”, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക