ഷെയ്ന് നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ റിലീസ് തിയതി പുറത്തുവിട്ടു. മെയ് ആറിനാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
കശ്മീരി നടി ഷെയ്ലീ കൃഷന് ആണ് ചിത്രത്തില്‍ നായികയാവുന്നത്. സന്തോഷ് ശിവന്റെ വരാനിരിക്കുന്ന ചിത്രങ്ങളായ ‘ജാക്ക് ആന്‍ഡ് ജില്’, ‘മോഹ’ എന്നീ ചിത്രങ്ങളില്‍ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നടൻ മോഹൻലാൽ ഗായകനായി എത്തുന്നുണ്ട്. നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്.
നവാഗതനായ കൃഷ്ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന് എന്ന കഥാപാത്രത്തെയാണ് ഷെയ്ന് നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന് സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന് സുദര്ശന്, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന് ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക