മലപ്പുറം: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം പൊതുദർശനത്തിനായി മലപ്പുറം ടൗൺ ഹാളിലെത്തിച്ചു. മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് തങ്ങളെ ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും ടൗൺഹാളിലെത്തിയിട്ടുള്ളത്.
അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്.കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൗൺഹാളിലേക്ക് എത്തിച്ചത്.
അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും.
ഇസ്ലാമിക പണ്ഡിതനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. സെയ്ദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 12 വർഷം ആ സ്ഥാനത്ത് തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക