ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണശേഷം തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് മകനാണെന്ന് മേഘ്ന രാജ്. ചീരുവില്ലാത്ത ജീവിതത്തിൽ താൻ ഇനി എന്തു ചെയ്യാനാണെന്ന് ചോദിച്ച ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും തന്റെ മകനാണ് പിന്നീട് ജീവിതം സുന്ദരമാക്കിയതെന്നും മേഘ്ന അഭിപ്രായപ്പെട്ടു.
ചിരഞ്ജീവി സർജ മരിക്കുമ്പോൾ മകനെയാണ് തനിക്ക് ഓർമ്മ വന്നതെന്ന് അടുത്തിടെ പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന പറഞ്ഞു. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് കന്നഡ താരം ചിരഞ്ജീവി സർജ മരിക്കുന്നത്. ആ സമയത്ത് മേഘ്ന 5 മാസം ഗർഭിണിയായിരുന്നു.
ചീരു മരിച്ചപ്പോൾ ആദ്യം ഓർത്തത് കുഞ്ഞിനെയാണെന്ന് മേഘ്ന അഭിമുഖത്തിൽ പറഞ്ഞു. ”ഈ കാര്യങ്ങൾ ഉൾക്കൊള്ളാൻ പ്രയാസമാണ്, അതെല്ലാം ഞാൻ ഉൾക്കൊണ്ടിട്ടില്ല. ആദ്യം മനസ്സിൽ വന്നത് എനിക്കൊരു കുഞ്ഞുണ്ട്, അതിനെ സംരക്ഷിക്കണം എന്നതാണ്. ഒരമ്മയെന്ന നിലയിൽ എന്റെ ആദ്യ ഉത്തരവാദിത്തം അതായിരുന്നു. പിന്നെ ഞാൻ ചെയ്തത് എന്റെ ഗൈനക്കോളജിസ്റ്റിനെ വിളിച്ച് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു.”
ഓരോ ദിവസവും കടന്നുപോകാൻ താൻ ശ്രമിക്കുന്നുണ്ടെന്നും അതെങ്ങനെ സാധിക്കുന്നുവെന്നതിന് കൃത്യമായ ഉത്തരമില്ലെന്നും മേഘ്ന അഭിപ്രായപ്പെട്ടു. താൻ ഗർഭിണിയായപ്പോൾ ഏറെ സന്തോഷിച്ചത് ചിരഞ്ജീവിയാണെന്നും മേഘ്ന അഭിമുഖത്തിൽ വെളിപ്പെടുത്തി.
”എന്നെ സംബന്ധിച്ചിടത്തോളം, ആ നിമിഷം മുതൽ, എന്റെ കുട്ടിക്കായിരുന്നു മുൻഗണന. ചീരുവിനും കുട്ടി എത്രമാത്രം പ്രധാനമായിരുന്നുവെന്ന് എനിക്കറിയാം. ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നേക്കാൾ ആവേശത്തിലായിരുന്നുവെന്നത് ഞാനോർക്കുന്നു. ‘ദൈവമേ, എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു, അതായിരുന്നു അവൻ ആദ്യം പറഞ്ഞത്,” മേഘ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക