മോഹൻലാലിന്റെ ആറാട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘നീഹാരം പൊഴിയും വഴിയിൽ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറാണ്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. ഗാനത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ കുടുംബത്തെയാണ് ഗാനത്തിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക