തിരുവനന്തപുരം: മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ ബലാൽസംഗത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് എ വി സൈജുവിന് എതിരെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.
പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്.
പിന്നീട് 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
പിന്നീട് ഇയാൾ പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. സൈജുവുമായുള്ള ബന്ധം ഭർത്താവു അറിഞ്ഞതോടെ യുവതിയുടെ വിവാഹബന്ധം വേർപ്പെട്ടു.
ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറയുന്നു.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രതിയായ സൈജു.
കഴിഞ്ഞ ഡിസംബറിൽ ഇയാൾ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സിഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു.
റൂറൽഎസ്പിക്ക് ആദ്യം പരാതി നൽകിയെങ്കിലും പരാതി സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെ ഇന്നലെ രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറും. സൈജു ഇപ്പോള്‍ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക