സൂര്യൻ കേരളത്തിന്റെ തലയ്ക്കു മീതേ എത്തുന്ന മാസമാണെങ്കിലും സംസ്ഥാനത്ത് ഏപ്രിലിൽ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം. ശരാശരി വേനൽമഴയും ഈ മാസം ലഭിക്കുമെന്ന് ന്യൂഡൽഹിയിലെ കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ച ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥാ മാതൃകകളെ അധികരിച്ച് ഐഎംഡി നൽകുന്ന സൂചന.മാർച്ച് 1 മുതൽ ഏപ്രിൽ 1 വരെ സംസ്ഥാനത്ത് 39 ശതമാനം മഴ അധികമായി ലഭിച്ചു. 3.4 സെന്റീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 4.8 സെമീ. കാസർകോട്, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ ദീർഘകാല ശരാശരിയേക്കാൾ 79 മുതൽ 250 വരെ ശതമാനം അധികമഴ കിട്ടി. അളവനുസരിച്ചു പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ: 12.4 സെമീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക