122 വർഷങ്ങൾക്കിടയിലെ കനത്ത ചൂടിലൂടെയാണ് രാജ്യം കടന്നുപോയിരിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തെ വേനൽ ചൂട് ഉച്ഛസ്ഥായിൽ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രദ്ധ നൽകിയില്ലെങ്കിൽ നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാവുന്ന ഒന്നാണ് വേനലും വേനൽ ചൂടും.
അല്പം ശ്രദ്ധ നൽകിയാൽ ഈ വേനലിൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കാം
ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 2.5-4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഒരോ വ്യക്തിയും എത്രത്തോളം വെയിൽ/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും,
ശരീരത്തിൽ നേരിട്ട് വെയിലേൾക്കുന്ന സാഹചര്യം ഒഴിവാക്കുക, മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.ഫാൻ,കൂളർ, എന്നിവ പൊടി തട്ടിയും എയർ കണ്ടീഷനർ ഫിൽറ്റർ വൃത്തിയാക്കിയും ഉപയോഗിക്കുക.
ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. വിയർപ്പുള്ള വസ്ത്രങ്ങൾ മാറ്റുക.രണ്ട് നേരവും കുളിക്കുക, കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, ബാർലി വെള്ളം, ഓട്സ് കുറുക്കിയത്,കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകൾ തുടങ്ങിയ പ്രകൃതി പാനീയങ്ങൾ കൂടുതലായി കുടിക്കുക.
വാഹനങ്ങൾ തണൽ നോക്കി പാർക്ക് ചെയ്യുക. വെയിലത്തു പാർക്ക് ചെയ്ത് വണ്ടിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഗ്ലാസ് തുറന്നിട്ട് കൂൾ ആയതിനു ശേഷം യാത്ര ചെയ്യുക.
പകൽ സമയത്തെ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് ഉച്ചക്ക് 12 നും 3 നും ഇടയിൽ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കുക. അത് ചർമത്തിലെ പൊള്ളലിനും സ്ട്രോക്കിനും മറ്റ് ആരോഗ്യപ്രശ്ങ്ങൾക്കും കാരണമായേക്കാം.
ഉയർന്ന താപനില നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെ വന്നാൽ ബോധക്ഷയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇതുകൂടാതെ നിർജ്ജലീകരണം, പൊള്ളൽ, തലവേദന, അസ്വസ്ഥത, അലസത, തളർച്ച തുടങ്ങിയവയ്ക്കും ഉഷ്ണതരംഗം കാരണമാകാം.
പുറത്തിറങ്ങുന്ന സമയങ്ങളിൽ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഒരു കുടയോ ടവലോ തൊപ്പിയോ കരുതുകയും പരമാവധി തണലുള്ള ഭാഗത്തുകൂടി സഞ്ചരിക്കാൻ ശ്രമിക്കുകയും ചെയ്യണം
പ്രതികരിക്കാൻ ഇവിടെ എഴുതുക