സുന്ദരമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും നാടാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക്. അധികം ബഹളങ്ങളോ ആള്‍ക്കൂട്ടമോ ഒന്നും ഇല്ലാത്ത ഈ നഗരം ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ആ അനുഭവം ആരും മറക്കില്ല. ഗാങ്ടോക്കിലെ ഏറ്റവും പ്രധാനപ്പെട്ട ചില അവിസ്മരണീയ അനുഭവങ്ങളും കാഴ്ചകളും പരിചയപ്പെടാം.
ഗാങ്ടോക്കിലെ ഏറ്റവും പ്രശസ്തമായ കാര്യങ്ങളിലൊന്നാണ് കേബിള്‍ റൈഡ്. ഡിയോറാലിയിൽ നിന്ന് ആരംഭിച്ച് താഷിലിംഗിലേക്ക് പോകുന്ന ഒരു കിലോമീറ്റർ കേബിള്‍ റൈഡ് വളരെ മനോഹരമായ ഒരു അനുഭവമാണ്. ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് ഗാങ്ടോക്ക് നഗരത്തിന്റെ ആകാശക്കാഴ്ച കാണാം.
ഒരു ഇരട്ട കേബിൾ സിഗ് ബാക്ക് റോപ്പ് വേ ആണ് ഇത്. ഓരോ കേബിൾ കാറിലും ഒരു സമയം 24 യാത്രക്കാർക്ക് സഞ്ചരിക്കാം. കേബിൾ കാറിൽ ഇരിക്കാനായി സീറ്റുകളില്ല, അതിനാൽ നിന്നുവേണം യാത്ര ചെയ്യാന്‍.
യാത്രക്കിടയില്‍ മൂന്ന് സ്റ്റേഷനുകളുണ്ട് – ആദ്യത്തെ സ്റ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജിക്ക് സമീപമുള്ള ഡിയോറലിയിലാണ്. അടുത്ത സ്റ്റേഷൻ നാംനാങ്ങാണ്. സെക്രട്ടേറിയറ്റിന് സമീപമുള്ള താഷിലിംഗിലാണ് ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ.
7 മിനിട്ടോളം നീളുന്ന സവാരി രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് നാലര വരെയാണ്. മുതിർന്നവർക്ക് 110 രൂപയും 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 70 രൂപയുമാണ് ഏകദേശ ചാര്‍ജ്. വിഡിയോ ക്യാമറ ഉപയോഗിക്കുന്നവര്‍ 100 രൂപ അധികം നല്‍കണം.
തെക്കേ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന പശുവർഗത്തിൽപെട്ട ഒരിനം വളർത്തുമൃഗമാണ് യാക്ക്. ഹിമാലയ പർവതപ്രദേശങ്ങളില്‍ ഇവ സാധാരണമാണ്.
ഇവയുടെ മുകളില്‍ കയറി നടത്തുന്ന സവാരി ഗാംഗ്ടോക്കിലെ ഒരു ജനപ്രിയ വിനോദമാണ്. ഗാങ്ടോക്കില്‍ മാത്രമല്ല, സിക്കിമില്‍ ഉടനീളം യാക് സഫാരി സാധാരണമാണ്. സോംഗോ തടാകക്കരയിലൂടെയുള്ള യാത്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക