സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ‘പത്താം വളവ്’. ‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പത്താം വളവി’ന്റെ തിരക്കഥ എഴുതുന്നത് അഭിലാഷ് പിള്ളയാണ്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ‘പത്താം വളവ്’ എത്തുക. ‘പത്താം വളവ്’ എന്ന ചിത്രത്തിന്റെ മനോഹരമായ ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Pathaam Valavu).
സുരാജ് വെഞ്ഞാറമൂടും മുക്തയുടെ മകള്‍ കണ്മണിയുമാണ് മെയ് 13ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ‘പത്താം വളവി’ല്‍ അദിതി രവിയും പ്രധാന കഥാപാത്രമായി എത്തുന്നു. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നാസ്വിക,അജ്മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു.
യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്നു. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ( എംഎംസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക