നാം കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി നേരെ ചെന്നെത്തുന്നത് ആമാശയത്തിലേക്കാണ്. ദഹനത്തിന്റെ ആദ്യഘട്ടങ്ങള്‍ ഇവിടെ വച്ചാണ് തുടങ്ങുന്നത്. ആമാശയം ഏതെങ്കിലും രീതിയില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും.
ഇത്തരത്തില്‍ ആമാശയം ബാധിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളായി ചില ദഹനപ്രശ്നങ്ങള്‍ കാണാം. ആമാശയത്തെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗത്തിലും ഇതേ ലക്ഷണങ്ങള്‍ പ്രകടമാകാം.
ആമാശയത്തിനകത്ത് ഏതെങ്കിലും ഭാഗങ്ങളില്‍ അസാധാരണമായ ക്യാന്‍സറസ് കോശങ്ങള്‍ വളര്‍ന്നുവരുന്ന അവസ്ഥയാണ് ആമാശയത്തിലെ ക്യാന്‍സര്‍. ആമാശയത്തിനകത്തെ ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റത്തിന് വിധേയമാവുകയും അനിയന്ത്രിതമായി വളരാന്‍ തുടങ്ങുകയും ചെയ്യുന്ന രോഗാവസ്ഥ.
പൊതുവില്‍ വര്‍ഷങ്ങളെടുത്താണ് ആമാശയ അര്‍ബുദം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇത് തിരിച്ചറിയാന്‍ സമയമെടുക്കുന്നതും ചികിത്സ വൈകുന്നതുമെല്ലാം പതിവാണ്. ക്യാന്‍സര്‍ മറ്റ് ശരീരഭാഗങ്ങളിലേക്ക് കൂടി പകരുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കരള്‍, ശ്വാസകോശങ്ങള്‍, എല്ലുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആമാശയത്തില്‍ നിന്ന് ക്യാന്‍സര്‍ രോഗം പടരാം.
മറ്റ് പല അര്‍ബുദങ്ങളില്‍ എന്ന പോലെ എന്തുകൊണ്ടാണ് ആമാശയത്തില്‍ ക്യാന്‍സര്‍ പിടിപെടുന്നത് എന്നതിനും വ്യക്തമായ ഉത്തരം നല്കാന് ഗവേഷകലോകത്തിന് കഴിഞ്ഞിട്ടില്ല. പല കാരണങ്ങള്‍ ഇതിന് പിന്നില്‍ വരാമെന്ന് പഠനങ്ങള്‍ പറയുന്നു.
ആമാശയകലകളെയുണ്ടാക്കുന്ന ഡിഎന്‍എ കോശങ്ങളില്‍ മാറ്റം വരുന്നതോടെയാണ് ക്യാന്‍സര്‍ ആരംഭിക്കുന്നതെന്നും ഈ മാറ്റങ്ങള്‍ മൂലം കോശങ്ങള്‍ പെട്ടെന്ന് വളരുകയും ഇരട്ടിക്കുകയും ചെയ്ത്, പിന്നീട് ഇവ കൂടിച്ചേര്‍ന്ന് ട്യൂമറായി രൂപാന്തരപ്പെടുകയാണെന്നും പഠനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക