പാലക്കാട്: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് പ്രധാനാധ്യാപകൻ മരിച്ചു. കുഴൽമന്ദ്ം കണ്ണാടി ഹയർസെക്കന്ററി സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന കെ നന്ദകുമാറാണ് (58) മരിച്ചത്. നന്ദകുമാറിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തെ പാലത്തിൽ വച്ചാണ് നന്ദകുമാറിനെ അജ്ഞാത വാഹനം ഇടിച്ചത്.
പരിക്കേറ്റ് റോഡിൽ കിടന്ന നന്ദകുമാറിനെ അതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് ആശുപത്രിയിലെത്തിച്ചത്. പാലത്തിന്റെ കൈവരിയിൽ തട്ടി തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകടം നടന്നതിന് പിന്നാലെ നന്ദകുമാർ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു.
എന്നാൽ അൽപ്പസമത്തിനുള്ളിൽ അബോധാവസ്ഥയിലായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു. കിണാശേരിയിലെ നന്ദകുമാറിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക