ഭാഷാ അതിരുകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണി രത്നത്തിന്റെ സ്വപ്ന പ്രോജക്റ്റ് പൊന്നിയിന്‍ സെല്വന്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്വന് രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ സ്കെച്ചുകളും ലുക്കുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിക്രത്തിന്റെയും കാര്‍ത്തിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റായ്യുടെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്.
ചോള സാമ്രാജ്യത്തില്‍ പെട്ട പഴുവൂരിലെ രാജ്ഞി നന്ദിനിയാണ് ഐശ്വര്യയുടെ കഥാപാത്രം. പ്രതികാരത്തിന് സുന്ദരമായ ഒരു മുഖമുണ്ട് എന്നാണ് ഫസ്റ്റ് ലുക്കിലെ ക്യാപ്ഷന്‍. ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത് കുമാര്‍, പാര്ഥിപന്, ലാല്‍, പ്രഭു, റിയാസ് ഖാന്, കിഷോര്‍, വിക്രം പ്രഭു, റഹ്മാന് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക