തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ നഴ്സിന്റെ കയ്യിൽ നിന്ന് 4 ദിവസം പ്രായമുള്ള നവജാത ശിശു അബദ്ധത്തിൽ താഴെ വീണ് തലയ്ക്കു ഗുരുതര പരുക്കേറ്റു.
കാഞ്ഞിരംകുളം ലൂർദുപുരം സ്വദേശി സുരേഷ് കുമാർ – ഷീല ദമ്പതികളുടെ ആൺ കുഞ്ഞിനെ എസ്എടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തലയോട്ടിക്കു പൊട്ടൽ ഉള്ളതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. 4 ദിവസം മുൻപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ്, ഷീല ഈ കുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ ഡിസ്ചാർജ് ചെയ്യാനിരിക്കെ കുഞ്ഞിന്റെ ശരീരത്തിൽ മഞ്ഞ നിറം കാണുകയും രക്ത പരിശോധന നടത്തണമെന്നു നഴ്സ് അറിയിക്കുകയും ചെയ്തു.
രക്ത പരിശോധന നടത്തുന്നതിനിടെയാണ് കുഞ്ഞ് അബദ്ധത്തിൽ താഴെ വീണതെന്ന് പറയുന്നു. ഈ സമയം ഷീലയുടെ മാതാവ് ഒപ്പമുണ്ടായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ സ്കാനിങ്ങിനു വിധേയനാക്കി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വേണ്ടി എസ്എടി ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക