ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ വൈകുന്നേരം ആറു മണിക്ക് ശേഷം ഒഴിവാക്കുന്നത് അമിതവണ്ണം വരാതിരിക്കാനും ദഹനസംവിധാനത്തെയും ആരോഗ്യത്തെയും പരിപാലിക്കാനും സഹായിക്കും.
1. ശീതീകരിച്ച ഭക്ഷണം
ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്റെ പോഷകമൂല്യവും കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
2. ഗ്യാസ് നിറച്ച പാനീയങ്ങള്‍
കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. ഇവയും വൈകുന്നേരം ആറിന് ശേഷം ഒഴിവാക്കേണ്ടതാണ്.
3. ചീസ്
ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്. ഇവയും വൈകുന്നേരത്തിന് ശേഷം ഒഴിവാക്കണം.
4. ഐസ്ക്രീം
ഐസ്ക്രീമിനോട് നോ പറയാന്‍ ഒരു വിധം ആളുകള്‍ക്കൊന്നും കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു.
5. റെഡ് മീറ്റ്
പ്രോട്ടീന്റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ പരമാവധി ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതുമാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക