ആലപ്പുഴ: ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായ ‘കരുതൽ പോസ്റ്റി’നു പിന്നാലെ, വ്യാഴാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ കുട്ടികൾക്ക് ശ്രദ്ധേയമായ നിർദേശങ്ങളുമായി ആലപ്പുഴ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച ലഘു കുറപ്പിലാണ് കലക്ടർ വീണ്ടും കുട്ടികളോടുള്ള കരുതൽ പ്രകടമാക്കിയത്.
‘ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ’യെന്ന ഓർമപ്പെടുത്തലോടെയാണ് കലക്ടർ ഇന്നും കുറിപ്പു പങ്കുവച്ചത്.
‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്നുവച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… മഴക്കാലമായതു കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്കു പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിനു മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ചു വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ പ്രിയപ്പെട്ട കലക്ടര്‍ മാമന്’ – കൃഷ്ണ തേജ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക