കണ്ണൂർ; ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് പയ്യന്നൂർ താലൂക്ക്സ്വാ തല തന്ത്ര്യ ദിനാഘോഷം മിനി സിവിൽ സ്റ്റേഷനിൽ നടന്നു. ടി ഐ മധുസൂദനൻ എം എൽ എ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ തഹസിൽദാർ എം കെ മനോജ് കുമാർ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര സേനാനി വി പി അപ്പുക്കുട്ട പൊതുവാളിനെ ചടങ്ങിൽ ആദരിച്ചു. തഹസിൽദാർ എം കെ മനോജ് കുമാർ, പയ്യന്നൂർ അഡീഷണൽ ഗവ. പ്ലീഡർ കെ പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര്യ സമരവും പയ്യന്നൂരും എന്ന വിഷയത്തിൽ സാംസ്കാരിക പ്രവർത്തകൻ പി കെ സുരേഷ്കുമാർ പ്രഭാഷണം നടത്തി. താലൂക്ക് ജീവനക്കാരുടെ ദേശഭക്തിഗാനം, ഭൂരേഖ തഹസിൽദാർ മല്ലപ്പള്ളി ജി ആനന്ദിന്റെ മൃദംഗ കച്ചേരി, ക്വിസ് മത്സരം എന്നിവയും നടന്നു.
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് തലശ്ശേരി താലൂക്ക്തല സ്വാതന്ത്ര്യ ദിനാഘോഷം തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. എ എൻ ഷംസീർ എംഎൽഎ, സബ് കലക്ടർ അനുകുമാരി എന്നിവർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. തലശ്ശേരി നഗരസഭാധ്യക്ഷ ജമുന റാണി, തഹസിൽദാർ കെ ഷീബ തുടങ്ങിയവർ പങ്കെടുത്തു. തലശ്ശേരി പൊലീസ് സബ് ഇൻസ്പക്ടർ സി നജീബ് പരേഡിന് നേതൃത്വം നൽകി.
എൻസിസി, എസ്പിസി, ജെആർസി, സ്കൗട്ട് ആൻറ് ഗൈഡ്സ് കാഡറ്റുകൾ ഉൾപ്പെടെ 16 പ്ലാറ്റൂണുകൾ അണിനിരന്നു.
വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
മത്സര പരേഡിൽ എൻസിസി വിഭാഗത്തിൽ ഗവ. ബ്രണ്ണൻ കോളേജും എസ്പിസി വിഭാഗത്തിൽ ചിറക്കര എച്ച്എസ്എസും, ജെആർസി വിഭാഗത്തിൽ ഗവ. ഗേൾസ് എച്ച്എസ്എസും സേക്രട്ട് ഹാർട്ട് എച്ച്എസ്എസും സംയുക്തമായും സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് എച്ച്എസ്എസ് വിജയികളായി. വിജയികൾക്ക് എംഎൽഎ അവാർഡ് നൽകി. നവീകരിച്ച തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പരിപാടിയാണ് കുട്ടികളുടെ സ്വാതന്ത്യദിന പരേഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക