കണ്ണൂർ; വ്യവസായ മേഖലയിൽ സംരംഭകർക്ക് പ്രോത്സാഹനം നൽകാനുള്ള ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയായ ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ അദാലത്തും മുഖാമുഖവും നടത്തി.
ജില്ലയെ സംരംഭക സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്സ് ഹെൽപ് ഡെസ്ക് പ്രവർത്തം ആരംഭിച്ചത്. ജില്ലയിലെ മികച്ച അഞ്ച് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ മുൻകൈയെടുക്കുമെന്ന് അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
പ്രൊജക്ട് റിപ്പോർട്ട് മതിയായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ സംരംഭം തുടങ്ങുമ്പോൾ നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ട്. അതു പരിഹരിക്കാനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രൊജക്ട് റിപ്പോർട്ട് ബുക്ക് പുറത്തിറക്കുന്ന കാര്യം ആലോചിക്കും. സഹകരണ ബാങ്കുകളിൽ ലഭിക്കുന്ന വായ്പ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. അതിനായി രണ്ടാഴ്ച്ചക്കകം ഓറിയന്റേഷൻ പരിപാടി നടത്തുമെന്നും പ്രസിഡൻറ് പറഞ്ഞു.
പരിപാടിയിൽ ജില്ലയിലെ മികച്ച ആറു സംരംഭകർക്കുള്ള ഉപഹാര വിതരണം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. സംരംഭകത്വം ജീവിതശൈലി പോലെ കാണണമെന്നും സാമ്പത്തിക അച്ചടക്കം നിർബന്ധമായും പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
ലാഭത്തിന്റെ പിന്നാലെ മാത്രം പോകരുത്. ജില്ലയിൽ കയറ്റുമതി ചെയ്യാൻ നിരവധി അവസരങ്ങളുണ്ടെന്നും അതു പരമാവധി ഉപയോഗപ്പെടുത്തി വ്യത്യസ്ത സംരഭങ്ങൾ തേടിപോകണമെന്നും കലക്ടർ പറഞ്ഞു.
ഒരു ലക്ഷം സംരംഭം തുടങ്ങി നാല് ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി അബ്ദുൽറാജിബ് പറഞ്ഞു. വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് തിരിച്ചടക്കണമെന്ന ബോധ്യമുണ്ടാകണമെന്നും തുടങ്ങാൻ താൽപര്യപ്പെടുന്ന പദ്ധതിയെ കുറിച്ച് പ്രാഥമിക പഠനം പോലുമില്ലാത്തതിനാലാണ് വായ്പാ അപേക്ഷകൾ കൂടുതലായും തള്ളിപ്പോകുന്നതെന്നും ജില്ലാ ലീഡ് ബാങ്ക് ഡിവിഷനൽ മാനേജർ ടി എം രാജ്കുമാർ പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ ഹെൽപ് ഡെസ്ക് പദ്ധതി വിശദീകരിച്ചു. മൈസോൺ എം ഡി കെ സുഭാഷ് മോഡറേറ്ററായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം എൻ പി ശ്രീധരൻ, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു എന്നിവർ സംസാരിച്ചു.
വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ ലഭ്യമാക്കൽ, പുതിയ പദ്ധതികൾ തെരഞ്ഞെടുക്കൽ, അതിന്റെ വിജയസാധ്യത തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നിർദേശങ്ങളും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക