ഡൽഹി: സോണിയ ഗാന്ധി ഏൽപിച്ച ചുമതല ഏറ്റെടുക്കാതെ വിമത ജി 23 സംഘത്തിലെ പ്രധാനി ഗുലാം നബി ആസാദ് പാർട്ടിയെ വെല്ലുവിളിച്ചു.
ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചതിനു തൊട്ടുപിന്നാലെ ആസാദ് രാജിവച്ചത് പാർട്ടിയെ ഞെട്ടിച്ചു.
ആരോഗ്യ കാരണങ്ങളാൽ പദവി ഏറ്റെടുക്കുന്നില്ലെന്നാണ് പുറമേ പറയുന്നതെങ്കിലും പാർട്ടിയിലെ തന്റെ അനുഭവസമ്പത്ത് കണക്കിലെടുക്കുമ്പോൾ പ്രചാരണ സമിതി അധ്യക്ഷനെന്നത് താഴ്ന്ന പദവിയാണെന്ന ചിന്തയാണ് അദ്ദേഹത്തെ രാജിക്കു പ്രേരിപ്പിച്ചതെന്നാണു സൂചന.
ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചു. ഇതിനു പിന്നാലെ സംസ്ഥാന നേതാക്കളായ അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട് എന്നിവർ ഏകോപന സമിതിയിൽനിന്നും ഗുൽസർ അഹമ്മദ് വാനി തിരഞ്ഞെടുപ്പ് സമിതിയിൽനിന്നും രാജിവച്ചു.
നിയമിക്കുന്നതിനു മുൻപ് നേതൃത്വം തന്നോട് ആലോചിച്ചില്ലെന്ന പരിഭവവും ആസാദിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക