നടൻ മോഹൻലാലിൻറെ മകൾ വിസ്മയ ഒരു കവയിത്രി കൂടിയാണ്. വിസ്മയയുടെ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായിരുന്നു ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.’ ഇപ്പോൾ സമാഹാരത്തിന്റെ മലയാള പരിഭാഷ പ്രകാശനത്തിനൊരുങ്ങുകയാണ്. സംവിധായകരായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്നാണ് ഇന്ന് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്.
മോഹൻലാൽ തന്നെയാണ് ഒരു കുറിപ്പിലൂടെ പുസ്തകത്തിന്റെ പ്രകാശനത്തെ പറ്റി ആരാധകരെ അറിയിച്ചത്.
“എന്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്.
കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.
യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക