മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെ നടക്കും. വോട്ടർ പട്ടികയിൽ ആകെ 38811 വോട്ടർമാരുണ്ട്. 18201 പുരുഷന്മാർ, 20608 സ്ത്രീകൾ, രണ്ട് ട്രാൻസ്ജെൻഡറുകൾ.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂർ എച്ച്എസ്എസിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളിൽ എത്തിച്ചു. വിതരണത്തിന് പൊതുനിരീക്ഷക ആർ കീർത്തി മേൽനോട്ടം വഹിച്ചു.
വൈകീട്ടോടെ ബൂത്തുകൾ വോട്ടെുപ്പിന് സജ്ജമായി. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് ബൂത്തുകളാണുള്ളത്.
ആകെയുള്ള 35 വാർഡുകളിലായി 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്-49 പുരുഷന്മാരും 62 സ്ത്രീകളും. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻറ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസർവ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക