ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളികളും.കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. 26ലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ.
ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് ഇഞ്ചിപ്പുളി. പുളി ഇഞ്ചി, ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ. ഇതിനു പുളിയും എരിവും മധുരവും കലർന്ന രുചിയാണ്. ഇനി എങ്ങനെയാണ് ഇഞ്ചിപ്പുളി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ…
ഇഞ്ചി 100 ഗ്രാം
പച്ചമുളക് 4 എണ്ണം
വാളൻപുളി 250 ഗ്രാം
മുളകുപൊടി ഒരു ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
കായപ്പൊടി ഒരു നുള്ള്
ശർക്കര ഒരു കഷ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
കറിവേപ്പില ഒരു തണ്ട്
കടുക് കാൽ ടീസ്പൂൺ
ഉലുവപ്പൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേർക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളൻപുളി ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിൽ മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ശർക്കര, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്പോൾ വാങ്ങി വയ്ക്കുക. കറിവേപ്പിലയും കടുകും താളിച്ച് ചേർത്ത് ഉലുവപ്പൊടി വിതറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക