ഐഫോണ്‍ 14 സീരീസ് അവതരണത്തിന് ഏകദേശം ഒരാഴ്ച മാത്രം ശേഷിക്കെ അവയില്‍ പ്രതീക്ഷിക്കുന്ന പുതിയ ഫീച്ചറുകളെക്കുറിച്ച് ടെക് വിദഗ്ധരുടെ വെളിപ്പെടുത്തൽ ട്വീറ്റുകൾ തുടരുകയാണ്.
ആപ്പിള്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് താരതമ്യേന വിശ്വസിക്കാവുന്ന വിവരങ്ങള്‍ പുറത്തുവിടുന്ന മിങ്-ചി കുവോ പറയുന്നതു ശരിയാണെങ്കില്‍ ഐഫോണ്‍ 14 പ്രോ സീരീസില്‍ പുതിയൊരു അള്‍ട്രാ-വൈഡ് ക്യാമറാ സെന്‍സറായിരിക്കും ഉള്‍പ്പെടുത്തുക.
അങ്ങനെയാണെങ്കില്‍ നിലവിലുള്ള ഐഫോണുകള്‍ക്ക് സാധ്യമല്ലാത്ത തരത്തില്‍ മികവാര്‍ന്ന അള്‍ട്രാ-വൈഡ് ചിത്രങ്ങള്‍ 14 പ്രോ മോഡലുകളില്‍ ചിത്രീകരിക്കാനായേക്കും.
പുതിയ ഐഫോൺ ഫീച്ചറുകളുടെ വെളിപ്പെടുത്തലുകളുമായി 9ടു5മാക്കന്റെ റിപ്പോർട്ടും വന്നിട്ടുണ്ട്. പുതിയ അള്‍ട്രാ-വൈഡ് ക്യാമറയ്ക്കായി ഘടകങ്ങള്‍ നിര്‍മിച്ചു നല്കിയിരിക്കുന്നവരില് പല കമ്പനികളുമുണ്ടെന്ന് ഔദ്യഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുവോ പറയുന്നുണ്ട്.
സോണി, മിനെബിയ (Minebea), വിസിഎം, ലാര്‍ഗാന്‍, എല്‍ജി ഇനോടെക് തുടങ്ങിയ കമ്പനികളുടെ പേരാണ് കുവോ പുറത്തുവിട്ടിരിക്കുന്നത്.
∙ പുതിയ സെന്‍സറിന് എന്തായിരിക്കും ഗുണം?
അതിന് കൂടുതല്‍ പ്രതല വിസ്തീര്‍ണ്ണം ഉണ്ടായിരിക്കും. അതായത് കൂടുതല്‍ വലിയ പിക്സലുകള്‍ ആയിരിക്കാം ഉണ്ടായിരിക്കുക. അള്‍ട്രാ-വൈഡ് സെന്‍സറിന്റെ റെസലൂഷന്‍ 12 എംപി തന്നെ ആയിരിക്കുമെന്നാണ് കേള്‍വി. പുതിയ സെന്‍സര്‍ വെളിച്ചക്കുറവുള്ള സന്ദര്‍ഭങ്ങളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് പുതിയ മികവ് പകര്‍ന്നേക്കുമെന്നു കരുതുന്നു. നിലവില്‍ ചെറിയ സെന്‍സറും സോഫ്റ്റ്വെയറും പ്രവര്‍ത്തിപ്പിച്ചാണ് ഐഫോണുകള്‍ അള്‍ട്രാ-വൈഡ് ചിത്രങ്ങള്‍ എടുക്കുന്നത്.
ഉദാഹരണത്തിന് ഐഫോണ്‍ 13 പ്രോ, പ്രോ മാക്സ് മോഡലുകളിലുള്ള 12 എംപി അള്‍ട്രാ-വൈഡ് ക്യാമറയ്ക്ക് 1.0 മൈക്രോമീറ്റര്‍ (1.0µm) പിക്സലുകളാണ് ഉള്ളത്. പുതിയ സെന്‍സറിന് പ്രതീക്ഷിക്കുന്നത് 1.4 മൈക്രോമീറ്റര്‍ വലുപ്പമാണ്. എന്നാല്‍, നിലവിലുള്ള സെന്‍സറിനെക്കാള്‍ 80 ശതമാനം അധിക വില ഇതിനു വന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക