കാക്കിക്കുള്ളിലെ കലാകാരന്മാര് സിനിമാലോകത്തിന് ഇപ്പോള്‍ പുതമയല്ല. അബു സലീമും ഭീമന് രഘുവും അടക്കമുള്ളവർ െപാലീസ് കുപ്പായത്തിൽ നിന്ന് വെള്ളിത്തിരയിൽ തിളങ്ങിയവരാണ്.
പൊലീസില്‍ ജോലിചെയ്യുന്ന കലാകാരൻമാർ സിനിമ- നാടക മേഖലകളിൽ അവരുടെ കഴിവുകൾ തെളിയിക്കുമ്പോൾ ഗാനരചന രംഗത്തും ഗാനം ആലപിച്ചും ശ്രദ്ധേയരാവുകയാണ് രണ്ട് പൊലീസുകാര്‍.
മിഷൻ സി എന്ന ചിത്രത്തിന്റെ ഗാന രചനയിലൂടെ ശ്രദ്ധേയനായ ആലപ്പുഴ വിജലന്‍സ് യൂണിറ്റ് ഇന്‍സ്പെക്ടര്‍ ജി.സുനിൽകുമാര്‍ എഴുതി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് വാസുദേവൻ പിള്ള ആലപിച്ച ‘ഓര്‍മകളിലെ വളപ്പൊട്ടുകള്‍’ എന്ന ഓണപ്പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഗൃഹാതുരത്വം തുടിക്കുന്ന ഓർമ്മകളുമായി വീണ്ടും ഒരു ഓണക്കാലം വരുമ്പോള്‍ കുടുംബത്തിന്റെയും കൂട്ടായ്മയുടെയും ഓണം ഓര്‍മകളാണ് ഗാനം സമ്മാനിക്കുന്നത്.
ബിനു ഗോപി സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന് ചോറ്റാനിക്കര അജയകുമാറാണ് ഈണം നൽകിയത്. കലയോടുള്ള ഇഷ്ടം തന്നെയാണ് ആല്‍ബം പുറത്തിറക്കാന്‍ ഇടയാക്കിയതെന്ന് ജി.സുനിൽകുമാറും രാജീവ് വാസുദേവൻ പിള്ളയും പറയുന്നു.
പൊലീസ് കൂട്ടായ്മയില്‍ പിറന്ന ഓണം ആല്‍ബത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക