പെരുനാട് : പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് ഇരട്ടി ദുഃഖമായി അടുത്ത ബന്ധുവിന്റെ മരണം.
അഭിരാമിയുടെ അച്ഛൻ ഹരീഷിന്റെ അമ്മാവൻ റാന്നി പെരുനാട് മണ്ടകത്തിൽ എൻ.എൻ.സോമനാണ് (70) ഇന്നലെ വൈകിട്ട് മരിച്ചത്.
അഭിരാമി ചികിത്സയിലിരിക്കെ കുടുംബത്തിന്റെ ആശങ്കകൾ മാധ്യമങ്ങളോടു പങ്കുവച്ചിരുന്നതു സോമനായിരുന്നു.
ഹൃദ്രോഗ ബാധിതനായ ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു, ഇന്നലെ രാവിലെ കുഴഞ്ഞു വീണതിനെ തുടർന്നു പെരുനാട് ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ അച്ഛൻ ഹരീഷ് നാലര വർഷത്തിനു ശേഷമാണ് അവധിക്കായി കഴിഞ്ഞ മാസം 12ന് വിദേശത്തുനിന്നു നാട്ടിലെത്തിയത്.
സ്കൂളിൽ പോയ അഭിരാമി അന്നു വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് അച്ഛനെ കണ്ടത്. അടുത്ത ദിവസം രാവിലെ പാല് വാങ്ങാൻ പോയ അഭിരാമിയെ നായ ആക്രമിച്ചതോടെ വീട്ടിലെ സന്തോഷം മുഴുവൻ കെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക