കുട്ടികൾക്ക് ചുമ പിടിപെടുമ്പോൾ നൽകുന്ന ചില മരുന്നുകളുടെ അമിത ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി ശിശുക്കളുടെ ശ്വാസകോശരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം വിലയിരുത്തി .
ഡോക്ടർമാരുടെ നിർദേശമില്ലാതെ കുട്ടികൾക്ക് നൽകുന്ന കഫ് സിറപ്പ് ചുമ മരുന്നുകളിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കോമ്പിനേഷനുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ .
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന കമ്മിറ്റിയും കണ്ണൂർ ചാപ്റ്ററും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച പീഡിയാട്രിക് ശ്വാസകോശ വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കപ്പെട്ടത് .
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ സംബന്ധിച്ച് പ്രബന്ധവും അവതരിപ്പിച്ചു. കോവിഡാനന്തരം ശ്വാസകോശ രോഗങ്ങൾ വൻതോതിൽ വർധിച്ചു. കോവിഡ് മുക്തി നേടിയ കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ ഗൗരവത്തോടെ കാണണം. വർധിക്കുന്ന അന്തരീക്ഷ മലിനീകരണം കുട്ടികളിൽ അലർജിക്കും ആസ്ത്മക്കും കാരണമാകുന്നുണ്ട്.
ആസ്ത്മ, അലർജി എന്നീ പേരിൽ അറിയപ്പെടുന്ന പല അസുഖങ്ങളും വിദഗ്ധ പരിശോധനയിൽ അതല്ലെന്ന് ബോധ്യപ്പെടുന്ന സംഭവങ്ങളുണ്ട്. കുട്ടികളിലെ ശ്വാസതടസ്സവും വലിവും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം. രക്ഷിതാക്കളിലെ പുകവലി കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ വർധിപ്പിക്കുമെന്നും സമ്മേളനം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക