കൊച്ചി: നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിക്ക് സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന വാദം ശരിയല്ലെന്നു ഭാര്യ. ഷാഫിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നും ഭാര്യവിശദീകരിച്ചു.
‘‘ഇങ്ങനെയൊരു ക്രൂരകൃത്യം ഷാഫി ചെയ്യുമോ? അയാൾ ഇങ്ങനെ ഒരാളാണോ..? ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. പല രീതിയിലും പറ്റുന്നില്ല. കല്യാണം കഴിഞ്ഞിട്ട് 24 വർഷമായി. ഇങ്ങനെയൊരു രീതി ഷാഫിക്കുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല’’ – ഭാര്യ പറഞ്ഞു.
‘മദ്യപിച്ചിട്ടൊക്കെ വരുമ്പോൾ എന്നെ ഉപദ്രവിക്കാറുണ്ട്. ആ ഒരു സ്വഭാവമാണ് അയാൾക്കുള്ളത്. മദ്യപാനം കൂടുതലാണ്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ വന്നത്. വലിയ വീടും വാഹനങ്ങളും ഉണ്ടെന്നൊക്കെ ആൾക്കാരു പറയുന്നതാണ്. ഈ പറയുന്ന വീടെവിടെ? വാഹനമെവിടെ? കൂലിപ്പണിയെടുത്ത് ജീവിക്കുന്ന നമ്മുടെ കയ്യിൽ ഇതൊക്കെ എവിടെ?
ഇഷ്ടം പോലെ പണമുണ്ടായിരുന്നുവെന്ന് എല്ലാവരും പറയുന്നു. എന്നിട്ട് ആ പണം എവിടെ? അതൊക്കെ എവിടെ കൊടുക്കുന്നു? കൂടുതൽ പണം കയ്യിൽ വന്നാൽ നമ്മളൊക്കെ അറിയില്ലേ? അതെല്ലാം ഒന്നുകിൽ കയ്യിൽ കാണണം.
അല്ലെങ്കിൽ വല്ല അക്കൗണ്ടിലും വേണം. ഒരു ആഡംബരവുമില്ലാത്തയാളാണ് ഷാഫി. നല്ലൊരു ഷർട്ട് പോലുമില്ല. കീറിയ തുണിയൊക്കെയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയൊരാൾ ഈ പറയുന്ന കാശൊക്കെ എന്തു ചെയ്യുന്നു?’ – ഷാഫിയുടെ ഭാര്യ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക