കണ്ണട ഇന്ന് സർവ്വ സാധാരണമാണ് . ഉപയോഗിക്കുന്നവർ കൂടി വരുകയും ചെയ്യുന്നു. കണ്ണട വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. കണ്ണടയുടെ ഫ്രെയിമുകൾ ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കാഴ്ചയിലെ ഭംഗി മാത്രം നോക്കി ഫ്രെയിമുകൾ തിരഞ്ഞെടുക്കാതിരിക്കുക. മൂക്കിനു മുകളിലേക്ക് ഇടയ്ക്കിടയ്ക്കു തള്ളി തിരിച്ചുവയ്ക്കേണ്ട തരം ഫ്രെയിമികൾ തിരഞ്ഞെടുക്കരുത്.
മൂക്കിന്റെ പാലത്തിൽ നിന്നും താഴോട്ടു വഴുതിവീഴാത്ത ഫ്രെയിമുകളാണ് നല്ലത്. ലെൻസുകൾ പിടിപ്പിക്കുമ്പോൾ ഫ്രെയിമുകൾ കൂടുതൽ ഭാരമുള്ളതായി താഴേക്ക് വഴുതാനുള്ള പ്രവണത കൂടും. ഫ്രെയിം നിങ്ങളുടെ കവിളുകളിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കുക. (ഫ്രെയിമുകൾ മുഖത്തുവച്ചു ചിരിക്കുമ്പോൾ കവിളിൽ തട്ടരുത്) ജീവിതശൈലിക്കനുസൃതമായ ഫ്രെയിമുകൾ തിരഞ്ഞെടുക്കുക. വ്യായാമം ചെയ്യുമ്പോൾ ഉപയോഗിക്കാൻ ചെറിയ ഫ്രെയിമുകളാണ് നല്ലത്.
കുട്ടികൾക്കും 40 വയസ്സിനു താഴെയുള്ളവർക്കും ലെൻസിൽ ഒരു പവർ മാത്രമേയുള്ളൂ. അവയെ സിംഗിൾ വിഷൻ ലെൻസുകൾ എന്നു പറയുന്നു. 40 വയസ്സിനുശേഷം മിക്ക ആളുകൾക്കും വായനയ്ക്കുവേണ്ടി അധിക പവർ ആവശ്യമായിവരുന്നു. അതുകൊണ്ടുതന്നെ അവർക്കു ലെൻസിൽ ഒന്നിൽകൂടുതൽ പവർ കാണാം. ദൂരക്കാഴ്ചയ്ക്കും അടുത്ത കാഴ്ചയ്ക്കും ഉപയോഗിക്കുന്ന കണ്ണടകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്: പ്രോഗ്രസീവും ബൈഫോക്കലും.പ്രോഗ്രസീവ് ലെൻസുകൾക്ക് മൂന്നു ഭാഗങ്ങളുണ്ട്. ദൂരക്കാഴ്ച, ഇടയ്ക്കുള്ള കാഴ്ച, വായനയ്ക്കുള്ള കാഴ്ച എന്നിവയാണവ.
അതുകൊണ്ടു തന്നെ കണ്ണട മാറി ഉപയോഗിക്കുന്നതിനു പകരം ഒരേ ലെൻസിലൂടെ ഇവ എല്ലാം ചെയ്യാൻ കഴിയും. ബൈഫോക്കൽ ലെൻസുകൾ രണ്ടു ഭാഗമായി തിരിച്ചിട്ടുണ്ട്. ഇവ കൃത്യമായ ദൂരക്കാഴ്ചയും അടുത്തുള്ള കാഴ്ചയും മാത്രം നൽകുന്നു. പവർ കുറഞ്ഞ ലെൻസുകൾക്ക് അതിന്റെ ഡിസൈനും ലെൻസിന്റെ പദാർഥവും പ്രധാനമല്ലെങ്കിലും കൂടിയ പവറുള്ള ലെൻസുകൾക്ക് അവ പ്രധാനമാണ്. നല്ല ഡിസൈനും നല്ല മെറ്റീരിയലും കൊണ്ടുള്ള ഹൈപവർ ലെൻസിന് സാധാരണ ലെൻസിനെക്കാൾ വ്യക്തത കാണുന്നുണ്ട്. അപ്പോൾ ഇനി മുതൽ ശ്രദ്ധിച്ചു തുടങ്ങാം . കണ്ണട വെക്കേണ്ട അവസ്ഥ വരുമ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക