പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് പ്രണയാർദ്രമായ കുറിപ്പുമായി വിഘ്നേഷ് ശിവൻ.
കുറിപ്പ് ഇങ്ങനെ
‘നയൻ, നിന്നോടൊപ്പമുള്ള എന്റെ 9–ാം ജന്മദിനമാണിന്ന്. നിന്നോടൊപ്പമുള്ള ഓരോ ജന്മദിനവും സവിശേഷവും അവിസ്മരണീയവുമാണ്. പക്ഷേ ഇത്തവണത്തെ പിറന്നാൾ കൂടുതൽ സ്പെഷൽ ആണ്.
കാരണം ഇത് നമ്മൾ ഭാര്യഭർത്താക്കന്മാരായതിനു ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്. മാത്രമല്ല ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെ മാതാപിതാക്കളും കൂടിയാണ് ഇപ്പോൾ നമ്മൾ. നീ എപ്പോഴും ഒരു ശക്തയായ വ്യക്തിയായിരുന്നു.
ആ ശക്തി ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും ചെയ്യുന്ന ഓരോ കാര്യത്തിലും പ്രതിഫലിക്കാറുണ്ട്. നീയെപ്പോഴും എല്ലാവരിൽനിന്നും വ്യത്യസ്തയായിരുന്നു.
നീ ജീവിതത്തോടു കാണിക്കുന്ന സത്യസന്ധതയും ആത്മാർഥതയും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്. പക്ഷേ അമ്മയായിക്കഴിഞ്ഞപ്പോഴാണ് നിന്നെ ഏറ്റവും സന്തോഷവതിയായി, പൂർണതയോടെ ഞാൻ കാണുന്നത്. നിന്റെ ജീവിതം പൂർണമായപ്പോഴാണ് നീ ഏറ്റവും മനോഹരിയായത്.
കുഞ്ഞുങ്ങളെ ചുംബിക്കണമെന്നതുകൊണ്ട് നീ ഇപ്പോൾ മേക്കപ്പ് ചെയ്യാറില്ല. പക്ഷേ നിന്നെ ഇത്രയും സുന്ദരിയായി ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല. നിന്റെ മുഖത്തെ പുഞ്ചിരിയും സന്തോഷവും ശ്വാശ്വതമായിരിക്കട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു.
ജീവിതം സെറ്റിൽ ആയതായി എനിക്ക് തോന്നുന്നു. എന്റെ ജീവിതം സംതൃപ്തവും മനോഹരവുമാക്കിയതിനു നന്ദി. ഇനിയുള്ള എല്ലാ ജന്മദിനങ്ങളും നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം ഇതുപോലെ സന്തോഷകരമായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
പ്രപഞ്ചം സാക്ഷിയായി ദൈവത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തോട് ഒരുമിച്ച് പോരാടി അദ്ഭുതകരമായ ഒരു ജീവിതം നമുക്ക് ഉണ്ടാകട്ടെ.
ഇന്നും എന്നും നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടിരിക്കും. എന്റെ ഭാര്യ, എന്റെ തങ്കമേ, നീയാണെന്റെ ഉയിരും ഉലകവും’, വിഘ്നേഷ് ശിവൻ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക