കോട്ടയം: ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ അശ്ലീല സൈറ്റിൽ പ്രചരിക്കുന്നുവെന്ന് യുവ എഴുത്തുകാരി. പരാതി നൽകാനെത്തിയപ്പോൾ പൊലീസ് സദാചാര ക്ലാസെടുത്തു വിട്ടു.
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ ചിത്തിര കുസുമനാണ് പരാതിക്കാരി.
ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോകൾ ഒരു അഡൽറ്റ് സൈറ്റിൽ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പരാതി കൊടുക്കാൻ ചെന്നപ്പോൾ പ്രൊഫൈൽ ലോക്ക് ചെയ്യാത്തിനെപ്പറ്റി ഉപദേശം തരികയാണ് പൊലീസ് ചെയ്തതെന്ന് ചിത്തിര പറയുന്നു.
ലോക്ക് ചെയ്തില്ലെങ്കിൽ ‘കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും. അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം’ എന്നായിരുന്നു മറുപടി. ഫെയ്സ്ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല, പിന്നല്ലേ പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും പൊലീസ് നിസ്സാരവൽക്കരിച്ചു.
മറ്റു സ്ത്രീകളുടെയും ചിത്രങ്ങൾ അതേ സൈറ്റിൽ തന്നെ ഉണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ ‘നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി’ എന്നായി മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക