ദിവസവും ഏതാനും ചോക്ലേറ്റ് പീസുകൾ കഴിച്ചാൽ ഒരു മാസം കൊണ്ട് കുറച്ചെങ്കിലും ബുദ്ധി വികസിക്കുമെന്നും രക്ത സമ്മർദം കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു . മിൽക്ക് ചോക്ലേറ്റിനും ഗുണങ്ങൾ ഉണ്ടെങ്കിലും 90 ശതമാനവും കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിനാണ് ഗുണം കൂടുതൽ.
ചോക്ലേറ്റിലെ ഫ്ലേവനോളുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു, ശരീരഭാരം നിയന്ത്രിക്കുന്നു, മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്നു. ഫ്ലേവനോളുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ സൗഖ്യമേകും. ചോക്ലേറ്റിന്റെ ഗുണങ്ങൾ വിശദമായി പഠിച്ച ഗവേഷക സംഘം, ചോക്ലേറ്റ് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിച്ചു. 18നും 27 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 30 പേരിലും ൫൦ കടന്ന വൃദ്ധരിലുമാണ് പഠനം നടത്തിയത്. 30 ദിവസം തുടർച്ചയായി 20 ഗ്രാം വീതം ചോക്ലേറ്റ് കഴിക്കാൻ ഇവരോട് ആവശ്യപ്പെട്ടു.
പഠനത്തിൽ പങ്കെടുത്ത പകുതി പേർ 55 ശതമാനം കൊക്കോ അടങ്ങിയ ചോക്ലേറ്റ് കഴിച്ചപ്പോൾ ബാക്കിയുള്ളവർ 90 ശതമാനവും കൊക്കോ അടങ്ങിയ ചോക്ലേറ്റ് ആണ് കഴിച്ചത്. പഠനത്തിന് മുപ്പതു ദിവസം മുൻപും പഠനം പൂർത്തിയായി രണ്ടു ദിവസത്തിനു ശേഷവും ഹൃദയമിടിപ്പ്, ഹൃദയധമനികളുടെ കട്ടി, പൾസ് ഇവ പരിശോധിച്ചു. ഫ്ലേവനോളുകൾ ധാരാളമടങ്ങിയ ചായ, വൈൻ, ബെറിപ്പഴങ്ങൾ തുടങ്ങിയവയെല്ലാം ഈ കാലയളവിൽ ഒഴിവാക്കണമെന്നും പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു.
ഇവരുടെ രക്തസമ്മർദം മെച്ചപ്പെട്ടതായും ബുദ്ധി വികസിച്ചതായും കൊക്കോ ഗ്രൂപ്പിൽപ്പെട്ടവരുടെ രക്തസമ്മർദമാണ് കാര്യമായി കുറഞ്ഞതെന്നും പഠനം പറയുന്നു. ചോക്ലേറ്റ് ഉപയോഗിക്കുന്നത് ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കുമെന്നും പഠനം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക