പെർത്ത്: ഓസ്ട്രേലിയയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ഗുളികവലുപ്പത്തിലുള്ള ലഘു ഉപകരണം കണ്ടെത്തി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു ട്രക്കിൽ കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കഴിഞ്ഞ മാസം 10നു കാണാതായത്.
ന്യൂമാനിനു തെക്കുമാറി ഗ്രേറ്റ് നോർത്തേൺ ഹൈവേയിൽ ആണവ വികിരണ വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെ സന്നാഹങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഉപകരണം കണ്ടെത്തിയത്.
അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്ജ്, യാത്രയ്ക്കിടെ ട്രക്കിൽ നിന്നു തെറിച്ചുപോയതാണെന്നാണ് കരുതുന്നത്. ഉപകരണത്തിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും മുഖ്യ ആരോഗ്യ ഓഫിസർ ആൻഡി റോബർട്ട്സൺ പറഞ്ഞു. ഉപകരണം ട്രക്കിൽനിന്നു വീണതു സംബന്ധിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക