തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുന്ന ഒന്നാണ് അൾസർ.
മലയാളികളുടെ ജീവിതചര്യ മാറിയതോടെ പല അസുഖങ്ങളും കടന്നുവരുന്നു. വയറിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിൽ പ്രധാനം. അതിൽത്തന്നെ അൾസർ ഒരു വില്ലനാണ്. ദൈനംദിന ജീവിതത്തിൽ ഏറെ അസ്വസ്ഥതകൾക്ക് ഇത് കാരണമാകുന്നു. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു.
ആമാശയത്തിൽ മ്യൂക്കോസ എന്നാരു ആവരണമുണ്ട്. മ്യൂക്കോസ രണ്ടുതരം ക്ഷാരഗുണമുള്ള പദാർഥങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇതിന് യഥാക്രമം മ്യൂക്കസ് എന്നും ബൈ കാർബണേറ്റ് എന്നും പറയുന്നു. ഈ പദാർഥങ്ങൾ ആമാശയത്തിലെ ആസിഡ് അഥവാ ഹെഡ്രോ ക്ലോറിക് ആസിഡിനെ സന്തുലിതാവസ്ഥയിൽ നിർത്തുന്നു. ഈ മ്യൂക്കോസയിൽ ഉണ്ടാകുന്ന പദാർഥങ്ങളുടെ ഉത്പാദനക്കുറവോ കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോൾ കുടലിൽ വിള്ളൽ അഥവാ അൾസർ ഉണ്ടാകുന്നു.
അൾസറിനെ രണ്ടായി തിരിക്കാം- ഗ്യാസ്ട്രിക് അൾസർ അഥവാ ആമാശയത്തിലെ അൾസർ, രണ്ടാമത് ഡൂവോഡിനൽ അഥവാ ചെറുകുടലിന്റെ ആദ്യ ഭാഗത്തുണ്ടാകുന്ന അൾസർ, ഡൂവോഡിനൽ അൾസറാണ് കൂടുതലായും കാണപ്പെടുന്നത്. ഡൂവോഡിനൽ അൾസർ 20 ശതമാനവും പരമ്പരാഗതമായി കാണപ്പെടുന്നുണ്ട്. ഒ ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് ഡൂവോഡിനൽ അൾസർ കൂടുതലായി കണ്ടുവരുന്നു.
പ്രധാനമായും അൾസർ ഉണ്ടാക്കുന്നത് ഹെലിക്കോ ബാക്ടർ പൈലോറി (എച്ച്. പൈലോറി)എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ് (ഏകദേശം 60 ശതമാനം) തുടർച്ചയായ വേദന സംഹാരി ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതൽ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, അമിതമായ മുളക്, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് അൾസറിന് കാരണമായി കണ്ടു വരാറുള്ളത്.
വയറിലെ അൾസറിന് നിരവധി ലക്ഷണങ്ങൾ കാണാറുണ്ട്. ലക്ഷണങ്ങളുടെ കാഠിന്യം അൾസറിന്റെ കാഠിന്യത്തെ ആശ്രയിച്ചിരിക്കുന്നു. വയറിന്റെ മേൽഭാഗത്ത് വേദന, എരിച്ചിൽ, ഛർദി, വയർ വീർക്കൽ, ദഹനക്കുറവ്, അപൂർവമായി രക്തം ഛർദിക്കൽ, കറുപ്പ് നിറത്തിൽ വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ. ഇതിൽ ബ്ലീഡിങ്, രക്തക്കുറവ്, തുക്കം കുറയൽ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദി എന്നിവ അപകടകരമായ ലക്ഷണങ്ങൾ എന്ന് പറയുന്നു. ഈ ലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങേണ്ടതാണ്. ആമാശയത്തിലെ അൾസർ ഭക്ഷണം കഴിച്ചാൽ കൂടാനും ചെറുകുടലിലെ അൾസർ ഭക്ഷണശേഷം കുറയുന്നതായും കാണാം, കുടുംബത്തിൽ ആർക്കെങ്കിലും ആമാശയ കാൻസറുള്ളവർക്കും ശ്രദ്ധിക്കാം.
അൾസറിനെ എൻഡോസ്കോപ്പി പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. എൻഡോസ്കോപ്പിയിലൂടെ എച്ച്. പൈലോറിയുടെ സാന്നിധ്യം ആർ.യു.ടി. ടെസ്റ്റിലൂടെയും ബയോപ്സിയിലൂടെയും കാൻസറിന്റെ സാന്നിധ്യവും കണ്ടെത്താം. അതുപോലെ അൾസർ തിരിച്ചറിഞ്ഞാൽ പി.പി.ഐ. അഥവാ ആസിഡ് ഉത്പാദനം കുറയ്ക്കുന്ന മരുന്നിലൂടെ അൾസറിനെ പരിപൂർണമായും സുഖപ്പെടുത്താം.
എച്ച്. പൈലോറി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെങ്കിൽ പി.പി.ഐ.ക്ക് പുറമെ രണ്ട് തരം ആന്റിബയോട്ടിക്കിന്റെ 14 ദിവസത്തെ ചികിത്സയിലൂടെ അൾസറിനെ (85 മുതൽ 95 ശതമാനം) സുഖപ്പെടുത്താം. ആഴമുള്ള അൾസർ ബ്ലീഡിങ്, കുടലിൽ ദ്വാരം വീഴൽ, ദീർഘകാല അൾസർ, ആമാശത്തിന്റെയോ ചെറുകുടലിന്റെയോ ചുരുക്കം വരുത്താനും ബ്ലോക്ക് ഉണ്ടാക്കാനും കാരണമായേക്കാം. കുടലിൽ ദ്വാരംവീഴുന്നത് വയറിനുള്ളിൽ അണുബാധ അഥവാ പെരിട്ടോണൈറ്റിസിന് കാരണമാകുന്നു. ഈ അവസ്ഥയിലും കുടലിൽ ബ്ലോക്ക് ഉണ്ടായാലും രോഗിക്ക് ശസ്ത്രക്രിയ വേണ്ടിവരും.
ഇങ്ങനെയൊക്കെയാണെങ്കിലും ചിട്ടയായ ആഹാരരീതിയിലൂടെ അൾസറിനെ അകറ്റിനിർത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പരിപൂർണമായും ഒഴിവാക്കുകയും വേദനസംഹാരികൾ കഴിയുന്നതും വർജിക്കുകയും ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക