കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സ്പീക്കർ എ എൻ ഷംസീർ. തലശ്ശേരിയിൽ കോടിയേരിക്ക് അറിയാത്ത വഴികളും വികസന പ്രശ്നനങ്ങളും ഇല്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും സ്പീക്കർ പറഞ്ഞു.
“എങ്ങിനെയാണ് നമുക്കൊപ്പം നടന്ന് നമ്മെ വിട്ട്പിരിഞ്ഞ ഒരാളോടുള്ള ആദരവും സ്നേഹവും നമ്മൾ കാത്തുസൂക്ഷിക്കുക?? അവരുടെ ഓർമ്മകളോട് നീതിപുലർത്തുക?
തലശ്ശേരിയുടെ വികസന സ്വപ്നങ്ങൾക്ക് ജീവൻ നൽകിയ തലശ്ശേരിയുടെ ഓരോ ഇടനാഴിയും മനസ്സിലാക്കിയ ഒരോ വ്യക്തിയുടെ മനസ്സിലും ഇടം നേടിയ നേതാവാണ് സഖാവ് കോടിയേരി.” ഓർമ്മകൾ പങ്കുവെച്ച് സ്പീക്കർ എ എൻ ഷംസീർ എഴുതിയ കുറിപ്പിലെ വരികളാണിത്.
തലശ്ശേരിയിലെ ചില വികസന പദ്ധതികൾ സംബന്ധിച്ചാണ് സ്പീക്കറുടെ കുറിപ്പ് .
പൂർണരൂപം –
എങ്ങിനെയാണ് നമുക്കൊപ്പം നടന്ന് നമ്മെ വിട്ട്പിരിഞ്ഞ ഒരാളോടുള്ള ആദരവും സ്നേഹവും നമ്മൾ കാത്തുസൂക്ഷിക്കുക?? അവരുടെ ഓർമ്മകളോട് നീതിപുലർത്തുക?
തലശ്ശേരിയുടെ വികസന സ്വപ്നങ്ങൾക്ക് ജീവൻ നൽകിയ തലശ്ശേരിയുടെ ഓരോ ഇടനാഴിയും മനസ്സിലാക്കിയ ഒരോ വ്യക്തിയുടെ മനസ്സിലും ഇടം നേടിയ നേതാവാണ് സഖാവ് കോടിയേരി.
അദ്ദേഹം ആവിഷ്കരിച്ച നാടിന്റെ വികസനത്തിൽ ജനങ്ങളെയും പങ്കാളികളാക്കി കൊണ്ടുള്ള കോടിയേരി വികസന മോഡൽ മുൻപേ നടാകെ അംഗീകാരം നേടിയതാണ്.
തലശ്ശേരിയിലെ ചൊക്ലി ഗവ: കോളേജ്, പന്ന്യന്നൂർ ITI തുടങ്ങിയവ യഥാർഥ്യമായത് ഈ കോടിയേരി വികസന മോഡൽ വഴിയാണ്.
നാടിന്റെ വികസനത്തിന് ജനകീയമായി ഫണ്ട് കണ്ടെത്തുക. ആ തുക ഉപയോഗിച്ച് വികസന പ്രവർത്തിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി വാങ്ങി സർക്കാരിന് നൽകുക.
തുടർന്ന് സർക്കാർ ഫണ്ട് ഉപയോഗിച്ച് വികസനം യഥാർഥ്യമാക്കുക.
തലശ്ശേരി അമ്മയും കുഞ്ഞും ഹോസ്പിറ്റലും സഖാവ് കോടിയേരി ഇത്തരത്തിൽ തുടങ്ങിവെച്ച മാതൃകയിലാണ് ഉയർന്നു വരുന്നത്. കോടിയേരിയുടെ നേതൃത്വത്തിൽ ജനകീയമായി ഫണ്ട് പിരിച്ചു ആശുപത്രിക്ക് ആവശ്യമായ സ്ഥലം വാങ്ങി സർക്കാരിന് നൽകി.
ഇതാ കോടിയേരിക്ക് ശേഷം അദ്ദേഹം സർക്കാരിന് കൈമാറിയ സ്ഥലത്ത് അമ്മയും കുഞ്ഞും ഹോസ്പിറ്റൽ ഉയരാൻ പോകുന്നു.
തലശ്ശേരിയുടെ എം.എൽ.എ എന്ന നിലയിൽ ഇന്ന് ഞാനും ഓരോ വികസന പ്രവർത്തിയിലും കോടിയേരി ബാക്കി വെച്ച് പോയ ആ കോടിയേരി വിഷൻ ടെച്ച് ചാലിച്ചു മുന്നോട്ട് പോകുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഇതിനകം ലോകശ്രദ്ധ നേടിയെടുത്ത പൊന്ന്യത്തങ്കം നടക്കുന്ന ഏഴരകണ്ടത്ത് കളരി അകാദമിയും മ്യൂസിയവും സ്ഥാപിക്കുവാനായി 8 കോടി രൂപയാണ് ഈ ബഡ്ജറ്റിൽ അനുവദിച്ചത്.
ഈ കളരി അകാദമിയും മ്യൂസിയവും യഥാർഥ്യമാക്കുവാനായി വീണ്ടുമിതാ അതേ കോടിയേരി മോഡൽ നാം തലശ്ശേരിയിൽ ആവിഷ്കരിക്കുകയാണ്.
ഏഴരക്കണ്ടം അങ്കത്തട്ടിനു ചുറ്റുമുള്ള സ്ഥലം വാങ്ങുവാനായി ഏപ്രിൽ 9 നു ജനകീയ ഫണ്ട് ശേഖരണം ആരംഭിക്കുകയാണ്. ചിലർ ഇതിനകം തന്നെ സമീപത്തുള്ള സ്ഥലം നേരിട്ട് വാങ്ങി ബന്ധപ്പെട്ടവർക്ക് കൈമാറികഴിഞ്ഞു.
തലശ്ശേരി പൈതൃക ടൂറിസം എന്ന കോടിയേരി രൂപം നൽകിയ പദ്ധതി ഇന്ന് ലോകടൂറിസം ഭൂപടത്തിൽ ഇടം നേടികഴിഞ്ഞു. വികസനത്തിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് സഖാവ് കോടിയേരിയുടെ ഓർമ്മകളിൽനിന്നും ആവേശമുൾകൊണ്ട് അദ്ദേഹം നമുക്കായി വഴികാട്ടിതന്ന വികസന കാഴ്ചപാടുകളുടെ പാതയിലൂടെ നമുക്ക് നാടിനെ മുന്നോട്ട് നയിക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക