അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ജീവനക്കാർക്ക് സർപ്രൈസ് അവധി പ്രഖ്യാപിച്ച് ബംഗളൂരു ആസ്ഥാനമായ കമ്പനി. ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷൻസാണ് ജീവനക്കാർക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച് ആവശ്യക്കാർക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് അയച്ച മെയിലിന്റെ സ്ക്രീൻഷോട്ട് കമ്പനി ലിങ്കഡ്ഇന്നിൽ ഷെയർ ചെയ്തു. അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് മാർച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യൻസിലെ എല്ലാ ജീവനക്കാർക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാൽ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ് വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ കമ്പനി പറയുന്നു.
ഇതാദ്യമായല്ല ഇങ്ങനെയുള്ള വേറിട്ട ആനുകൂല്യം കമ്പനി ജീവനക്കാർക്ക് നൽകുന്നത്. കഴിഞ്ഞ വർഷം ജീവനക്കാർക്കായി “Right to Nap policy” കമ്പനി അവതരിപ്പിച്ചിരുന്നു. ജോലിസമയത്ത് 30 മിനിറ്റ് ജീവനക്കാരെ ഉറങ്ങാൻ അനുവദിക്കുന്നതാണ് ഈ നയം. ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ചർച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക