മലപ്പുറം: കടുത്ത ബ്രസീൽ ആരാധകനോട് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടാൽ എങ്ങനെയിരിക്കും? ഇത് പരീക്ഷയ്ക്കുള്ള ചോദ്യമാണെങ്കിൽ എന്തുചെയ്യും? പരീക്ഷയിൽ മാർക്ക് നേടാൻ എഴുതുമെന്ന് കരുതിയെങ്കിൽ തെറ്റി. മാർക്ക് കിട്ടാൻ പോലും ടീമിനെയും തങ്ങളുടെ പ്രിയപ്പെട്ട താരത്തെയും മാറ്റാൻ ബ്രസീൽ ആരാധകർ തയ്യാറല്ലെന്ന് മലപ്പുറം ജില്ലയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി റിസ ഫാത്തിമ തെളിയിച്ചു.
തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിസ ഫാത്തിമ. ഇന്നലെ നടന്ന മലയാളം വാർഷിക പരീക്ഷയിലായിരുന്നു റിസ നൽകിയ വൈറൽ ഉത്തരം. മലയാള പരീക്ഷയുടെ ഭാഗമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ച് ജീവചരിത്ര കുറിപ്പ് തയ്യാറാക്കാൻ ചോദ്യം വന്നു. ജീവചരിത്ര കുറിപ്പിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ചോദ്യപേപ്പറിൽ നൽകിയിട്ടുണ്ടായിരുന്നു.
എന്നാൽ കടുത്ത ബ്രസീൽ ആരാധികയായ റിസ നിലപാട് കടുപ്പിച്ചു. ‘ഞാൻ എഴുതൂല, ഞാൻ ഒരു ബ്രസീൽ ആരാധികയാണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല,” റിസ ഉത്തരക്കടലാസിൽ കുറിച്ചു. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടെയാണ് അദ്ധ്യാപകനായ റിഫ ഷാലിസ് ഈ വ്യത്യസ്തമായ ഉത്തരം കണ്ടത്. വളരെ രസകരമായാണ് റിഫ ഈ ചോദ്യത്തിന് ഉത്തരം നൽകിയതെന്നും, ഫുട്ബോളടക്കം ചുറ്റുമുള്ള ലോകസംഭവങ്ങൾ കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണിക്കാനാണ് താൻ ഇതു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും റിസയുടെ ഉത്തരം ബ്രസീൽ ഫാൻസിന്റെ ഇടയിൽ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക