മോഹൻലാലും ലിജോ ജോസും ഒരുമിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ അപ്ഡേറ്റുകള് സമൂഹമാദ്ധ്യമങ്ങളില്‍ വളരെപ്പെട്ടെന്നു തന്നെ വൈറലാകാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ മോഹൻലാല്‍ ഡബിള്‍ റോളില്‍ എത്തുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് പുതിയ അപ്ഡേറ്റ് ട്വീറ്റ് ചെയ്തത്.
ചെന്നൈയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ഇദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്. ക്രിസ്മസ് റിലീസ് ആയാണ് വാലിബൻ എത്തുകയെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ചിത്രത്തില്‍ അച്ഛന്- മകന് റോളിലാണോ മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ലിജോ ജോസിനൊപ്പം ഷിബു ബേബി ജോണിന്റെ ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക