തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിൽ യുവതിക്ക് നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം നേടിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) മാലയിട്ട് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു വൻ സ്വീകരണം ഒരുക്കിയത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ വൈറലാകാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതി പങ്കുവെച്ച വിഡിയോയിൽ യുവാവ് ചെയ്ത മോശം കാര്യങ്ങൾ തെളിയിക്കുന്ന ഒന്നുമില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ പറയുന്നു.
യുവതിക്കെതിരെ പരാതി നൽകിയ ശേഷം നിരവധി ഭീഷണി കോളുകൾ വരുന്നതായും അജിത് കുമാർ പറഞ്ഞു.സവാദിനു നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും ഇവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക