അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇനി വരുന്ന മണിക്കൂറുകളിൽ കൂടുതൽ ശക്തമാകുമെന്ന് റിപ്പോർട്ട്. മറ്റെന്നാളോടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറും എന്നാണ് പുറത്തു വരുന്ന വിവരം. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീങ്ങാനാണ് സാദ്ധ്യത എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ടയിലും ആലപ്പുഴയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ജൂൺ ആറുമുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക