ലയണൽ മെസ്സി പഴയ തട്ടകമായ ബാർസിലോനയിലേക്കു മടങ്ങിയേക്കും. മെസ്സിയുടെ ഭാര്യ ആന്റനെല്ല റൊക്കൂസോ മെസ്സി ബാർസിലോന ജഴ്സി ധരിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
‘വീട്ടിലേക്കു തിരികെവരൂ, ലിയോ’ എന്നാണ് അന്റോനെല്ല ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഇതോടെ മെസ്സി ബാർസിലോനയിലേക്കു തന്നെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ബാർസ ആരാധകർ. ബാർസിലോനയിലേക്കു മടങ്ങാൻ മെസ്സിക്കു താൽപര്യമുണ്ടെന്ന് താരത്തിന്റെ പിതാവും ഏജന്റുമായ ഹോർഹെ മെസ്സി പ്രതികരിച്ചതും ആരാധകരെ ആവേശത്തിലാക്കുന്നു.
ബാർസ പ്രസിഡന്റ് ജൊവാൻ ലപോർട്ടെയുമായി ചർച്ച നടത്തിയതിനു പിന്നാലെയായിരുന്നു ഹോർഹെയുടെ വാക്കുകൾ. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.
മോഹവിലയെക്കാളും മെസ്സിക്കു താൽപര്യം പഴയ കളിമൈതാനത്തോടാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോടികളെറിഞ്ഞ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്ർ ടീമിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക