ദുല്‍ഖര്‍ സല്മാൻ നായകനായി വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രമെത്തുന്നതായി റിപ്പോർട്ട്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുക പ്രശസ്ത സംഗീതജ്ഞൻ ജി.വി. പ്രകാശ് കുമാര്‍ ആണ്. ജി.വി. പ്രകാശിന്റെ ജന്മദിനമായ ജൂണ്‍ 13 ന് (ചൊവ്വാഴ്ച) ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജി.വി. പ്രകാശ് ഇനി വരാൻ ഇരിക്കുന്ന ദുല്‍ഖര്‍ ചിത്രത്തിലും പതിവ് തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘വാത്തി, സൂററൈ പോട്ര്, മദിരാസി പട്ടണം, ആടുകളം, തെരി, അസുരൻ, രാജാറാണി’ തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ ജി.വി. പ്രകാശ് ആയിരുന്നു. വെങ്കി അറ്റ്ലൂരി- ദുല്‍ഖര്‍ സല്മാൻ ചിത്രത്തിലൂടെ ജി.വി. പ്രകാശ് മാജിക്ക് ഒരിക്കല്‍ കൂടി ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
‘വാത്തി’യുടെ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രൊഡക്ഷൻ നമ്ബര്‍ 24 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ‘സീതാ രാമ’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക