പൂനെയിലെ റായ്ഗഡ് ഫോര്‍ട്ടില്‍ 26 കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തെ തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ പൂനെയിലെ വാര്‍ജെ മേഖലയില്‍ നിന്ന് യുവതിയുടെ കുടുംബവുമായി ബന്ധമുള്ള ഒരാളെ കാണാതായതായി കണ്ടെത്തി.
ഇവര്‍ ഒരുമിച്ചായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇയാള്‍ എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. അഹമ്മദ്നഗറിലെ കോപ്പര്‍ഗാവില്‍ നിന്നുള്ള ദര്‍ശന പവാര്‍ എന്ന യുവതി അടുത്തിടെ മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന് (എംപിഎസ്സി) നടത്തിയ മഹാരാഷ്ട്ര സ്റ്റേറ്റ് ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിരുന്നു.
ജൂണ്‍ 9 ന് ഒരു അഭിനന്ദന പരിപാടിയില്‍ പങ്കെടുക്കാന്‍ മകള്‍ പൂനെയില്‍ എത്തിയിരുന്നതായി പിതാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. ”രണ്ട് ദിവസത്തിന് ശേഷം അവള് നെര്ഹെ പ്രദേശത്തെ സുഹൃത്തിനെ സന്ദര്‍ശിച്ചു, അടുത്ത ദിവസം സിംഹഗഡ് കോട്ടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയി,”എന്നാണ് പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്.
കാണാതായതിന് ശേഷം, കുറച്ച് ദിവസമായിട്ടും യുവതിയെ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് കഴിയാതെ വന്നതിനെ തുടര്‍ന്ന് പിതാവ് കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. റായ്ഗഡ് കോട്ടയുടെ അടിവാരത്ത് അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞ ബന്ധുക്കളുടെ സഹായത്തോടെ പോലീസ് മൃതദേഹം പുറത്തെടുത്തു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക