കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ കേരളത്തിൽ വിൽക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന പ്രതികരണവുമായി മിൽമ. ഈ നീക്കവുമായി കർണാടക മിൽക്ക് ഫെഡറേഷൻ മുന്നോട്ടുപോയാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ, കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.
കേരളത്തിലെ വിൽപന വിലയെക്കാൾ കൂടുതൽ വില നൽകിയാണ് മിൽമ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളിൽ നിന്നു പാൽ വാങ്ങി കേരളത്തിലെ പാൽ ലഭ്യത ഉറപ്പാക്കുന്നത്. സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉൾക്കൊള്ളുന്നതിനാൽ അവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടു പാൽ സംഭരിക്കാൻ മിൽമ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക