സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത് എന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. ബാഗ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിലൂടെ സർക്കാർ സ്കൂളുകളോട് ആവശ്യപ്പെടുന്നു. കർണാടകയിലെ സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ബുധനാഴ്ച സ്കൂളുകൾക്ക് സർക്കുലർ നൽകി. ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യപ്പെട്ടു.
1-2 ക്ലാസിലെ കുട്ടികളുടെ ബാഗുകൾക്ക് 1.5-2 കിലോഗ്രാംവരെ ഭാരവും 3-5 ക്ലാസിലുള്ള കുട്ടികൾക്ക് 2-3 കിലോഗ്രാം വരെ ഭാരവും 6- 8 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് 3- 4 കിലോഗ്രാം വരെയും 9, 10 ക്ലാസുകളിൽ ഇത് 4-5 കിലോഗ്രാം വരെയും ആകാം എന്നും സർക്കുലർ വ്യക്തമാക്കുന്നു. ആഴ്ചയിൽ ഒരിക്കൽ നോ ബാഗ് ഡേ സ്കൂളുകളിൽ ആചരിക്കണം എന്നും സർക്കുലർ പറയുന്നു. നോ ബാഗ് ഡേ ആചരിക്കാൻ ശനിയാഴ്ചകൾ തെരഞ്ഞെടുക്കാമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ഡോക്ടർ വി.പി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക