തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് ജില്ലകളില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും.
കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നീക്കമാണെന്നാരോപിച്ചാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ മുദ്രാവാക്യം പ്രതിഷേധങ്ങളിലുടനീളം ഉയർന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ തിരുവനന്തപുരം നഗരത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ സുധാകരന് ജാമ്യം ലഭിച്ചിരുന്നു. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെയെന്നും സുധാകരൻ പറഞ്ഞു. പോലീസിന്റെ കയ്യില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും കെ സുധാകരന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക