മുഖ സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ചുണ്ടുകൾ. ചുണ്ടുകൾ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ നിറം മങ്ങാനും മൃദുത്വം നഷ്ടപ്പെടാനും വരണ്ട് പൊട്ടാനും എല്ലാം കാരണമാകും. ഇതിനൊരുപരിഹാരം ചുണ്ടിൽ ലിപ് ബാം ഇടുകയെന്നതാണ്. ചർമത്തിന് മോയിസ്ചറൈസർ പോലെയാണ് ചുണ്ടിന് ലിപ് ബാം. ചുണ്ടുകള്‍ വരളുന്നതും പൊട്ടുന്നതും ചെറുക്കാനും നിറവ്യത്യാസം ഇല്ലാതാക്കാനും ലിപ് ബാം ഉപയോഗിക്കുന്നത് നല്ലതാണ്.
എന്നാൽ കെമിക്കലുകൾ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് കൂടുതൽ കാരണമാകും. ചുണ്ടുകളുടെ ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ലിപ് ബാമുകൾ ഏതൊക്കെയാണെന്ന് നോക്കാം.
വീട്ടിൽ തന്നെ തയ്യാറാക്കുന്ന ലിപ് ബാമുകൾ സാധാരണയായി പ്രകൃതിദത്തവും ലളിതവുമായ ചേരുവകൾ കൊണ്ട് തയ്യാറാക്കിയവയും ആയിരിക്കും, ഇത് വരണ്ട ചുണ്ടുകളിൽ അത്ഭുതകരമായി അനുഭവപ്പെടുന്നു. മാത്രമല്ല, ഉയർന്ന നിലവാരമുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുകയും ഏതെങ്കിലും തരത്തിലുള്ള കെമിക്കലുകൾ ഒഴിവാക്കുകയും ചെയ്താൽ, ഇവ നിങ്ങളുടെ ചുണ്ടുകൾക്ക് പൂർണ്ണമായും സംരക്ഷണമേകും.
ബീറ്റ്റൂട്ട് ലിപ് ബാം
ചുണ്ടുകള്‍ക്ക് മികച്ച ബ്ലീച്ചിങ് ഇഫക്ട് നല്‍കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നതാണ് ബീറ്റ്റൂട്ട് ലിപ് ബാം. രണ്ട് കഷ്ണം ബീറ്റ്റൂട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം. ശേഷം, അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍സ്പൂണ്‍ വാസലീനും രണ്ട് വൈറ്റമിന്‍ ഇ കാപ്സ്യൂളും ചേർത്ത് യോജിപ്പിച്ചാല്‍ ബീറ്റ്റൂട്ട് ലിപ് ബാം റെഡി.
ബീറ്റ്റൂട്ട് നേരിട്ടും ചുണ്ടിൽ പുരട്ടാവുന്നതാണ്. ചെറിയൊരു കഷ്ണം ബീറ്റ്റൂട്ട് എടുത്ത് ഫ്രിഡ്ജിൽ വച്ച് 20 മിനിറ്റ് വരെ തണുപ്പിക്കുക. അതിനുശേഷം, ചുണ്ടിൽ പുരട്ടി അൽപ നേരം മസാജ് ചെയ്യാവുന്നതാണ്.
റോസ് ലിപ് ബാം
പൊടിച്ചെടുത്ത റോസാപ്പൂ ഇതളിലേക്ക് അല്പം ബീറ്റ്റൂട്ട് പേസ്റ്റ് ചേർക്കാം. ആവശ്യമുള്ളപ്പോള്‍ രണ്ട് തുള്ളി പാലും നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും അല്പം ഷിയാബട്ടറും രണ്ട് തുള്ളി റോസ് എസന്‍ഷ്യല്‍ ഓയിലും ചേർത്ത് ഉപയോഗിക്കാം.
ബദാം ലിപ് ബാം
ബദാം കുതിർത്ത് അരച്ചെടുത്ത ശേഷം ചെറിയ ടിന്നില്‍ സൂക്ഷിക്കാം. ഇതിലേക്ക് പാല് ചേർത്ത് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഇത് ചുണ്ടിലെ നിർജ്ജീവ കോശങ്ങള്‍ ഇല്ലാതാക്കാനും വൈറ്റമിന്‍ ഇ, ചുണ്ടിലെ കറുപ്പ് നിറം അകറ്റാനും സഹായിക്കും
ഓറഞ്ച് ലിപ് ബാം
ഒരു പാനിൽ അല്പം വെള്ളമെടുത്ത് ചൂടാക്കാം. ഇതിന് മുകളിൽ ഷിയാ ബട്ടർ ഉരുകാൻ വയ്ക്കാം. കുറച്ച് വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് തണുത്തശേഷം ഓറഞ്ച് എസൻഷ്യൽ ഓയിൽ ചേർക്കാം. ഒന്നുകൂടി ഉരുക്കിയ ശേഷം ഒരു കണ്ടെയ്നറിലേക്ക് മാറ്റാം.
കൊക്കോ ബട്ടർ ലിപ് ബാം
ഒരു ചെറിയ കണ്ടെയ്നറിൽ അല്പം ബീ വാക്സ് എടുത്ത് ഉരുക്കാം. ഇതിലേക്ക് ഷിയാ ബട്ടറും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ചെടുക്കണം. ഇഷ്ടമുള്ള എസന്‍ഷ്യല്‍ ഓയില്‍ ചേർത്ത് യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റാം. അര മണിക്കൂറിന് ശേഷം ഉപയോഗിക്കാം.
ഷിയ ബട്ടർ ലിപ് ബാം
വളരെ പോഷിപ്പിക്കുന്ന ഷിയ ബട്ടർ ലിപ് ബാം ഉപയോഗിച്ച് നിങ്ങളുടെ ചുണ്ടുകൾ മോയ്സ്ചറൈസ് ചെയ്യുക. ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ ഒരു ടേബിൾ സ്പൂൺ ഷിയ ബട്ടർ, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ഒരു ഡബിൾ ബോയ്ലറിൽ ഒഴിച്ച് ചൂടാക്കുക. ഇത് ഉരുകിക്കഴിഞ്ഞാൽ കുറച്ച് പൊടിച്ച ബീറ്റ് റൂട്ടും ഗ്രേപ്ഫ്രൂട്ട് അവശ്യ എണ്ണയും ചേർത്ത് ഇളക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക