ബെംഗളൂരു: കന്നഡ നടൻ സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പർ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. അപകടത്തില്‍ താരത്തിന്റെ വലതുകാലിന് സാരമായി പരിക്കേറ്റുവെന്നും കാല് മുറിച്ചുമാറ്റിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചലച്ചിത്ര നിർമാതാവ് എസ്.എ ശ്രീനിവാസിന്റെ മകനാണ്. അന്തരിച്ച കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ ഭാര്യ പാര്‍വതിയമ്മയുടെ അനന്തരവനും കൂടിയാണ് 24കാരനായ സൂരജ്. ധ്രുവന് എന്നാണ് സൂരജ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക