ചര്‍മത്തില്‍ ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സാധാരണ സ്പാ പോലുള്ളവ ചെയ്ത ശേഷം ക്രയോ തെറാപ്പി അല്ലെങ്കില്‍ സ്കിന്‍ ഐസിംഗ് ചെയ്യാറുണ്ട്.
ഐസ് ക്യൂബ് ഫേഷ്യലിന് നമ്മുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനാവും. പ്രധാനമായും വേനൽക്കാലത്താണ് ഇതേറെ ഗുണം ചെയ്യുക. വേനൽക്കാലത്ത് മങ്ങിയും നിർജീവമായും ഇരിക്കുന്ന ചർമ്മത്തിന് ഉണർവ് നൽകാൻ ഈ ഐസ് ക്യൂബ് ഫേഷ്യലിനു സാധിക്കും. ഐസ് ക്യൂബുകൾ നേരിട്ട് മുഖത്തിട്ടു മസാജ് ചെയ്യുന്നതിനു പകരം, നനുത്ത ഒരു തൂവാല കൊണ്ട് ഐസ്ക്യൂബുകൾ പൊതിഞ്ഞതിനു ശേഷം മസാജ് ചെയ്യുന്നതാണ്.
ഐസ് കൊണ്ട് മുഖം മസാജ് ചെയ്യുന്നതു വഴി മുഖക്കുരു ലഘൂകരിക്കാൻ കഴിയും. ഒപ്പം പാടുകൾ, വ്രണങ്ങൾ എന്നിവയുടെ പാടുകൾ മങ്ങിപ്പോവാൻ സഹായിക്കുകയും ചർമ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.
രാവിലെ എണീറ്റയുടൻ മുഖത്ത് ഐസ് പുരട്ടുന്നത് യഥാർത്ഥത്തിൽ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറക്കച്ചടവ് മാറി മുഖത്തിന് ഒരുണർവ്വും ഉന്മേഷവും ലഭിക്കും.
രാവിലെ എണീറ്റു വരുമ്പോൾ പലരിലും മുഖവും കണ്ണുകളുമൊക്കെ വീർത്തിരിക്കുന്നതായി കാണാറുണ്ട്. മുഖത്ത് ഐസ് കൊണ്ട് മസാജു ചെയ്യുന്നത് കണ്ണുകളുടെയും കൺതടങ്ങളുടെയും വീക്കം കുറയ്ക്കാൻ സഹായിക്കും. ഐസിന്റെ ജലാംശം നീർവീക്കം കുറയ്ക്കാനും വീർത്ത കണ്ണുകളെ അപ്രത്യക്ഷമാക്കി മുഖത്തിന് ഫ്രഷ്നസ്സ് സമ്മാനിക്കാനും സഹായിക്കും. രാവിലെ എഴുന്നേൽക്കുമ്പോൾ ഐസ് ക്യൂബിട്ട വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
ചർമ്മത്തിൽ വലിയ സുഷിരങ്ങളാണ് അഴുക്കടിഞ്ഞ് ബ്ലാക്ക്ഹെഡുകൾ ഉണ്ടാവാൻ കാരണമാവുന്നത്. ഇതുമൂലം ചർമ്മത്തിന്റെ നിറം മങ്ങിയതായി തോന്നാം. ഐസ് ഫേഷ്യൽ ചെയ്യുമ്പോൾ തുറന്ന സുഷിരങ്ങൾ ചെറുതാവുകയാണ്. ഐസ് പ്രകൃതിദത്ത ടോണറായി പ്രവർത്തിക്കുന്നു, മുഖത്തെ അമിതമായ എണ്ണയുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.
മേക്കപ്പ് പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മുഖം ഐസ് വെള്ളത്തിൽ 5 മിനിറ്റ് മുക്കുക. അതിനു ശേഷം വൃത്തിയുള്ള ടവ്വൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക. അതിനുശേഷമാണ് മേക്കപ്പ് ഇടുന്നതെങ്കിൽ, നിങ്ങളുടെ മേക്കപ്പ് പതിവിലും കൂടുതൽ നേരം നിലനിൽക്കുമെന്ന് ബ്യൂട്ടീഷന്മാർ സാക്ഷ്യപ്പെടുത്തുന്നു.
ഐസ് മസാജ് ചെയ്യുമ്പോള്‍ ഒരിയ്ക്കലും 15 മിനിറ്റ് കവിയരുതെന്ന് ഓർമ്മിക്കുക. കൂടാതെ നിങ്ങളുടെ മുഖത്തിന്റെ എല്ലാ ഭാഗങ്ങളും മസാജ് ചെയ്യാനും ശ്രദ്ധിയ്ക്കണം. വരണ്ട ചർമ്മമുണ്ടെങ്കിൽ ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് നല്ല ഫലം ലഭിയ്ക്കാന്‍ വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക